
തിരുവനന്തപുരം:ലോകം ഒരു കാൽപ്പന്തോളമല്ല, മറിച്ച് കൈവെള്ളയിലെ നെല്ലിക്കയോളം ചുരുങ്ങിയ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പശ്ചിമേഷ്യയിലെ അവസാനിക്കാത്ത സംഘർഷങ്ങൾ നമ്മെ ഓരോ ദിവസവും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കടലിനക്കരെ യു.എസും ഇസ്രയേലും ഇറാനും ചേർന്ന് നടത്തുന്ന ആ അസംബന്ധ നാടകങ്ങളിൽ നമുക്ക് പ്രത്യേകിച്ച് വേഷങ്ങളൊന്നുമില്ലായിരിക്കാം. പക്ഷേ, ആ നാടകത്തിന്റെ തിരശ്ശീല വീഴുമ്പോൾ ഇരുട്ടിലാകുന്നത് നമ്മുടെ വീടുകളാണ്.
പശ്ചിമേഷ്യയിലെ ഓരോ സ്ഫോടനവും നമ്മുടെ അടുക്കളയിലെ താളം തെറ്റിക്കുന്നു. പാചകവാതകത്തിന് ക്ഷാമം നേരിടുമോ എന്ന പേടിയിൽ മലയാളി തന്റെ പാചകം ഗ്യാസ് സ്റ്റൗവിൽ നിന്ന് ഇൻഡക്ഷൻ കുക്കറുകളിലേക്ക് മാറ്റിത്തുടങ്ങി. ഈ മാറ്റം അദൃശ്യമായ ഒരു ചങ്ങലപോലെ നമ്മുടെ വൈദ്യുതി ശൃംഖലയെ വരിഞ്ഞുമുറുക്കുകയാണ്. അടുക്കളകൾ വൈദ്യുതീകരിക്കപ്പെട്ടതോടെ സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം സങ്കല്പങ്ങൾക്കും അപ്പുറത്തേക്ക് കുതിച്ചുയർന്നു. പുറത്തുനിന്ന് വൻവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്ന കെ.എസ്.ഇ.ബിയുടെ ബാധ്യത ഒടുവിൽ സാധാരണക്കാരന്റെ ബില്ലിൽ 'സർച്ചാർജ്' എന്ന ഇടിത്തീയായി പതിക്കുകയാണ്.
ഹോട്ടലുകൾ പൂട്ടുന്നു, വിമാനയാത്രാ നിരക്കുകൾ ആകാശത്തോളമുയരുന്നു, സ്വർണ്ണവില പിടിച്ചാൽ കിട്ടാത്ത വിധം കുതിക്കുന്നു... ഒരു ചക്രവ്യൂഹത്തിൽ അകപ്പെട്ടതുപോലെ യുദ്ധം അതിന്റെ അദൃശ്യമായ വിരലുകൾ കൊണ്ട് വിദൂര രാജ്യങ്ങളിൽ പോലും ആശങ്കയുടെ കരിനിഴൽ വീഴ്ത്തുകയാണ്. ഇതിനിടയിലാണ് കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.
കഴിഞ്ഞ ബുധനാഴ്ച കേരളം രേഖപ്പെടുത്തിയത് 5802 മെഗാവാട്ട് എന്ന സർവകാല റെക്കോർഡ് ഉപഭോഗമാണ്. മെയ് മാസത്തിലെ കഠിനമായ ചൂടിൽ പോലും ഉണ്ടാകാത്ത ഈ 'കറണ്ട് തീറ്റ' മാർച്ച് മാസത്തിൽ തന്നെ സംഭവിച്ചു എന്നത് ഞെട്ടിക്കുന്നതാണ്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ എയർ കണ്ടീഷണറുകൾ വ്യാപകമായതും ഗ്യാസ് പേടിയിൽ അടുക്കളകൾ മാറിയതും ചേർന്നപ്പോൾ വൈദ്യുതി ബോർഡിന്റെ കണക്കുകൂട്ടലുകൾ തെറ്റി.
എന്നാൽ, ഈ പ്രതിസന്ധിക്കിടയിലും വൈദ്യുതി ബോർഡ് കാട്ടുന്ന അമാന്തം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ലോകത്തിന് തന്നെ മാതൃകയായി സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന നെടുമ്പാശേരി വിമാനത്താവളം നമുക്ക് മുന്നിലുള്ളപ്പോൾ, എന്തുകൊണ്ടാണ് നമ്മുടെ വീടിന്റെ പുരപ്പുറങ്ങളിലെ സോളാർ പദ്ധതികളോട് കെ.എസ്.ഇ.ബി മുഖം തിരിക്കുന്നത്? വയനാട്ടിലെ ബാണാസുര സാഗറിൽ വിജയകരമായി പ്രവർത്തിക്കുന്ന ഫ്ളോട്ടിംഗ് സോളാർ പ്ലാന്റുകൾ മറ്റ് അണക്കെട്ടുകളിലേക്ക് വ്യാപിപ്പിക്കുമെന്ന വർഷങ്ങൾ പഴക്കമുള്ള പ്രഖ്യാപനം എവിടെപ്പോയി?
നിർമ്മാണം പാതിവഴിയിൽ നിലച്ച ചെറുകിട ജലവൈദ്യുതി പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയിരുന്നെങ്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്ന ഈ വൻ ബാധ്യത നമുക്ക് ഒഴിവാക്കാമായിരുന്നു. പക്ഷേ, ലാഭമുണ്ടാക്കാൻ എളുപ്പവഴി ജനങ്ങളുടെ ചുമലിൽ സർച്ചാർജ് അടിച്ചേല്പിക്കുന്നതാണെന്ന് ബോർഡ് വിശ്വസിക്കുമ്പോൾ നഷ്ടം സാധാരണക്കാരന് മാത്രമാണ്. കടലിനക്കരെയുള്ള യുദ്ധം ഇങ്ങു ദൂരെ ഒരു മലയാളിയുടെ വൈദ്യുതി ബില്ലായി മാറുന്ന ഈ വിരോധാഭാസം നാം തിരിച്ചറിയേണ്ടതുണ്ട്.











